ഇന്ന് ശ്രീനാരായണ ഗുരു സമാധി..
കാലത്തിനാതീതമായ ദർശനങ്ങൾ ലോകത്തിനു വെളിച്ചമായി നൽകിയ യുഗപുരുഷൻ..... അതാണ് ശ്രീ നാരായണ ഗുരു.
സൂര്യന്‍ ഉദിക്കുമ്പോള്‍ ഇരുട്ട് മാറിപ്പോകുന്നതുപോലെ അറിവുദിക്കുമ്പോള്‍ അജ്ഞതയും മാറിപ്പോകുന്നു
എന്ന ദർശനത്താൽ അജ്ഞതയാല്‍ ഇരുട്ടുമൂടിയ കേരളക്കരയെ അറിവിന്റെ പൊന്‍കിരണങ്ങള്‍ വീശി വെളിച്ചമേകിയ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനത്തിൽ ആ ദാർശനിക പ്രഭാവത്തിനു മുൻപിൽ ശ്രദ്ധാഞ്ജലികൾ അർപ്പിക്കുന്നു
1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു തിരുവനന്തപുരത്ത് ചെമ്പഴന്തിയില്‍ മാടനാശാന്‍റെയും കുട്ടിയമ്മയുടെയും മകനായി ജനിച്ചത്.നാണു എന്നാണ് മാതാപിതാക്കൾ വിളിച്ച പേര്.
കുട്ടി ജനിച്ചപ്പോള്‍ പതിവിനു വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു.ജനനം മുതൽ തന്നെ വിത്യസ്തനായ ഗുരുവിന്റെ ജനനം
കാലത്തിന്റെ അനിവാര്യതയായിരുന്നു.
വിഭാഗീയതകളില്ലാത്ത ഒരു ലോകത്തിന്റെ പുനഃസൃഷ്ടിയായിരുന്നു ഗുരുദേവന്റെ സ്വപ്നം.ഗുരുദേവൻ പക്ഷേ സ്വപ്നം കാണുക മാത്രമല്ല, അതു പ്രാവർത്തികമാക്കുകയും ചെയ്തു. ഒരു ജനതയുടെ സമഗ്രമായ ഉയിർത്തെഴുന്നേൽപ് സ്വപ്നം കണ്ട ഗുരു പ്രവർത്തിച്ചതും ഉപദേശം നൽകിയതും എല്ലാവർക്കുമായാണ്. കേരള സമൂഹത്തിന്റെ മുഴുവൻ നവോത്ഥാന നായകനാണ് ഗുരു; ഈഴവ സമൂഹത്തിന്റേതു മാത്രമല്ല. അങ്ങനെ ചുരുക്കിക്കളയുന്ന പ്രവൃത്തികളാണ് ഗുരുദർശനത്തോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. ഗുരുദർശനങ്ങൾ ആഴത്തിൽ മനസ്സിലാക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടത് ഈ കാലത്തിന്റെ അനിവാര്യതയാണ്.
ജാതി – മത – വർഗീയതകൾ കേരളത്തെ പല കളങ്ങളിലേക്കു തിരിച്ചിട്ടിരുന്ന കാലത്ത് അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്ര്യം എങ്ങനെ നേടിയെടുക്കണമെന്നു പോരാടി കാണിച്ചു തന്നയാളാണു ഗുരുദേവൻ. 1903ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചുകൊണ്ട് എഴുപത്തിരണ്ട് വര്‍ഷത്തെ ജീവിതത്തില്‍ 42 വര്‍ഷക്കാലം കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു ഗുരുദേവന്‍. ജാതിയുടേയും മതത്തിന്റെയും അയിത്തത്തിന്റെയും അതിര്‍വരമ്പുകളില്ലാതെ ഇന്ന് കേരളജനത ഒരുമയോടെ കഴിയുന്നതിന് ശ്രീനാരായണ ഗുരു വഹിച്ച പങ്ക് വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല.
വിദ്യകൊണ്ടു
സ്വതന്ത്രരാവൂ
എന്ന് ഗുരു ഉദ്ബോധിപ്പിച്ചതിന്റെ മൂല്യം ഈ കാലഘത്തിലും കൂടുന്നതേയുള്ളൂ. വിദ്യാഭ്യാസം യഥാവിധി അല്ലാത്തതിന്റെ പരിണതഫലമാണു നമ്മൾ നേരിടേണ്ടിവരുന്ന ദുരന്തങ്ങളൊക്കെ.
കാലത്തിനു മുൻപേ നടന്ന ഗുരു ഒരു നൂറ്റാണ്ടു മുൻപു ചിന്തിച്ചിരുന്നു അത്.സാമൂഹിക പരിഷ്‌കർത്താവ് എന്ന നിലയിൽ മാത്രമല്ല അദ്ദേഹത്തിന്റെ സംഭാവന.
സംസ്കൃതം, വേദാന്തം, മഹാഭരതം രാമായണം തുടങ്ങിയവയില്‍ അവഗാഹം നേടിയ അദ്ദേഹം
1881 ല്‍ ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചു.മാത്രമല്ല
ഇന്ത്യയിലെ ആദ്യത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസകേന്ദ്രം ശിവഗിരി ഫ്രീ ഇന്‍ഡസ്ര്സിയല്‍ ആന്‍റ് അഗ്രിക്കള്‍ച്ചറല്‍ ഗുരുകുലം ആരംഭിച്ച ഗുരുവിനെ ഇന്ത്യയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെവക്താവായി നമുക്ക് കണക്കാക്കാം.
1924 ല്‍ ആലുവായിലൈ അദ്വൈതാശ്രമത്തില്‍ വിളിച്ചുകൂട്ടിയ സര്‍വ്വമത സമ്മേളനം ഇന്ത്യയില്‍ ആദ്യത്തേതായിരുന്നു.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന സന്ദേശം ലോകത്തിനു കാഴ്ചവച്ചതും ഈ കാലയളവിലായിരുന്നു.
ഒരു കവിയെന്ന നിലയിലോ ദാർശനികനെന്ന നിലയിലോ യോഗിയെന്ന നിലയിലോ വിദ്യാഭ്യാസ വിചക്ഷണനെന്ന നിലയിലോ സാമ്പത്തിക ശാസ്ത്രജ്ഞനെന്ന നിലയിലോ ഭിഷഗ്വരനെന്ന നിലയിലോ സിദ്ധനെന്ന നിലയിലോ മുൻവിധികളില്ലാതെ കേരള സമൂഹത്തിന് എന്നും ഗുരുവിനെ കാണാൻ സാധിക്കും. ഗുരുവിന്റെ ദർശനം ലോകത്തിനാകമാനം ആവശ്യമാണ്. നമുക്ക് എന്തുകൊണ്ടും മാതൃകയാകേണ്ട മഹത് വ്യക്തിത്വത്തിനുടമയാണ് ശ്രീനാരായണ ഗുരുദേവൻ.
മഹത്തായ ആദര്‍ശങ്ങളും ദര്‍ശനങ്ങളും മുറുകെ പിടിച്ച യുഗ പുരുഷനാണ് ഗുരുദേവന്‍. അദ്ധേഹത്തിന്റെ ദർശനങ്ങൾക്ക് ഈ നൂറ്റാണ്ടില്‍ എന്നല്ല എല്ലാ കാലഘട്ടത്തിലും പ്രസക്തിയുണ്ട്.
ഗുരുവിന്റെ ദർശന ങ്ങൾ വേണ്ട രീതിയിൽ ഉൾക്കൊണ്ട് നമുക്ക് അദ്ദേഹത്തിന് ഓർമ്മപ്പൂക്കൾ അർപ്പിക്കാം
SAEED V H
DIRECTOR
WE ONE TALENT DEVELOPMENT CENTER
No comments:
Post a Comment